കനേഡിയൻ അതിർത്തി ഒരു വലിയ ദേശീയ സുരക്ഷാ പ്രശ്നം ആണെന്ന് മുൻ ആക്ടിംഗ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടർ ടോം ഹോമാൻ . അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രംപ് നിയമിച്ച ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ടോം ഹോമാൻ . Border Czar എന്ന വിശേഷണവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. മുൻ ഭരണകാലത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ടോം ഹോമാൻ. പുതിയ ഭരണകൂടം അധികാരമേൽക്കുമ്പോൾ കാനഡ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഹോമാൻ പറഞ്ഞു.
WWNY-ക്ക് നൽകിയ അഭിമുഖത്തിലാണ് അതിർത്തിയും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ടോം ഹോമാൻ നിലപാട് വ്യക്തമാക്കിയത്. കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാൻ ട്രംപും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയോ ഇൻ്റലിജൻസ് ഭീഷണിയോ ആയി യുഎസ് കരുതുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക താൽപര്യവുമായി നിരവധി പേർ കാനഡ-യുഎസ് അതിർത്തിയിലൂടെ അമേരിക്കയിലേക്ക് വരുന്നതായി അദ്ദേഹം പറഞ്ഞു. മെക്സിക്കോയുമായുള്ള തെക്കൻ യുഎസ് അതിർത്തിയിൽ കൂടുതൽ അനധികൃത കുടിയേറ്റങ്ങൾ നടക്കുന്നതായും ഹോമാൻ വ്യക്തമാക്കി.അതിർത്തി പട്രോളിംഗ് ഉദ്യോഗസ്ഥരുടെ കുറവ് കാരണം കുടിയേറ്റം രൂക്ഷമായെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വടക്കൻ യുഎസ് അതിർത്തിയിൽ, പ്രത്യേകിച്ച് കിഴക്കൻ ന്യൂയോർക്ക്, വെർമോണ്ട്, ഒൻ്റാരിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ അനധികൃത കുടിയേറ്റങ്ങൾ കുതിച്ചുയരുന്നതായി സിബിഎസ് റിപ്പോർട്ട് ചെയ്തു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അനുസരിച്ച്, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 97 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 19,222-ലധികം ആളുകളെ സ്വാൻ്റൺ സെക്ടറിലെ അതിർത്തി പട്രോളിംഗ് ഏജൻ്റുമാർ പിടികൂടിയിട്ടുണ്ട്. ട്രംപിൻ്റെ ജയത്തിന് പിന്നാലെ അമേരിക്കയിൽ നിന്ന് ഗണ്യമായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.